Kerala

പിണറായി ഭരണം നാടിനെ ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്തേക്ക് നയിക്കുന്നു: കെസി വേണുഗോപാല്‍ എംപി

ആലപ്പുഴ നൂറനാട്ടെ നാലംഗ കുടുംബത്തെ പെരുവഴിയിലിറക്കിവിട്ട സിപിഎമ്മിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കെസി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശീലാഫലകം നീക്കം ചെയ്ത നടപടിക്കെതിരെയും പോസ്റ്റിൽ വിമർശനമുണ്ട്.

നൂറനാട് അമ്മയെയും പെണ്‍മക്കളെയും വീട്ടില്‍ നിന്നിറക്കിവിട്ട സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി. വികസന പദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് സിപിഎം ഒട്ടും മുന്നോട്ട് സഞ്ചരിച്ചിട്ടില്ല. വെള്ളം കയറിയ വീട്ടില്‍ നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്റെത്. കാലങ്ങളായി സിപിഎം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്‍ച്ച മാത്രമാണിതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

സ്വന്തമായി ഒരു കടുകുമണിവികസനം പോലും നടത്താന്‍ ശേഷിയില്ലാതെ പോയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഗതികേടാണ് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റിയതിലൂടെ തെളിഞ്ഞതെന്ന് വിമര്‍ശിച്ച വേണുഗോപാല്‍ എത്ര കുടിയിറക്കിയാലും മായ്ചുകളഞ്ഞാലും അങ്ങേയറ്റം നീതിമാനായിരുന്ന ആ മനുഷ്യന്റെ പേര് കൊത്തിവെച്ച ഫലകം കേരളത്തിന്റെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണെന്നും പറഞ്ഞു. ജനാധിപത്യവും നീതിബോധവുമുള്ള ഭരണാധികാരിയില്‍ നിന്ന് ഇന്നത്തെ ഭരണകൂടത്തിലേക്കുള്ള ദൂരമാണ് ഈ കാഴ്ചകകളെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ കുടിയൊഴിപ്പിക്കാനും കുടിയിറക്കാനും വെമ്പുന്ന പിണറായി ഭരണകൂടത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മരണം വരെ നീതിയുടെ പക്ഷത്തു നിന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ പോരാടിയ ഒരു ഭരണാധികാരിയുടെ ഓര്‍മ്മദിനത്തില്‍ ചുറ്റും കേള്‍ക്കുന്നത് നീതിനിഷേധത്തിന്റെ കുടിയിറക്കലിന്റെ വാര്‍ത്തകളാണെന്നത് വേദനയുണ്ടാക്കുന്നു.

ആദ്യത്തേത് ആലപ്പുഴ നൂറനാട്ടെ നാലംഗ കുടുംബത്തിന് പെരുവഴിയിലേക്കിറങ്ങേണ്ടി വന്ന കാഴ്ചയാണ്. അമ്മയെയും പെണ്‍മക്കളെയും വീട്ടില്‍ നിന്നിറക്കി വിടുന്നതിന് സിപിഎം ലോക്കല്‍ സെക്രട്ടറിയും പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വം നല്‍കിയ കാഴ്ച ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. വികസന പദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് സിപിഎം ഒട്ടും മുന്നോട്ട് സഞ്ചാരിച്ചിട്ടില്ലെന്നാണ് ഇത് വിളിച്ചുപറയുന്നത്. വെള്ളം കയറിയ വീട്ടില്‍ നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎം ഒറ്റപ്പെട്ട കാഴ്ചയല്ല. കാലങ്ങളായി സിപിഎം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്‍ച്ച മാത്രമാണിത്.

രണ്ടാമത്തേത്, കണ്ണൂര്‍ പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റിവെച്ച അല്‍പ്പരത്തിന്റെ കാഴ്ചയാണ്. 2015 മെയ് 15ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത പാര്‍ക്കും നടപ്പാതയും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവീകരിച്ചെന്ന പേരിലാണ് പഴയ ശിലാഫലകം നീക്കം ചെയ്തത്. പുതിയ ഫലകത്തില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പേരാണുള്ളത്. സ്വന്തമായി ഒരു കടുകുമണിവികസനം പോലും നടത്താന്‍ ശേഷിയില്ലാതെ പോയ സര്‍ക്കാരിന്റെ ഗതികേട് കൂടിയാണ് പുതിയ ഫലകത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. എത്ര കുടിയിറക്കിയാലും മായ്ചുകളഞ്ഞാലും അങ്ങേയറ്റം നീതിമാനായിരുന്ന ആ മനുഷ്യന്റെ പേര് കൊത്തിവെച്ച ഫലകം കേരളത്തിന്റെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണെന്നത് എതിരുകളില്ലാത്ത സത്യമാണ്.

കുടിയൊഴിപ്പിക്കാനും കുടിയിറക്കാനും വെമ്പുന്നൊരു ഭരണകൂടത്തിന്റെ അവസാന നാളുകളെണ്ണുന്നത് ഇവിടെ ഒരു ജനതയാണ്. ജനാധിപത്യവും നീതിബോധവുമുള്ള ഭരണാധികാരിയില്‍ നിന്ന് ഇന്നത്തെ ഭരണകൂടത്തിലേക്കുള്ള ദൂരമാണ് ഈ കാഴ്ചകളോരോന്നും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button