ന്യൂഡല്‍ഹി: രഹസ്യമായി പങ്കാളിയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നത് വിവാഹ മോചന നടപടികളില്‍ തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. ഭാര്യയുടെ അറിവില്ലാതെ അവളുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടേയും മൗലികാവകാശത്തിന്റേയും ലംഘനമാണെന്നും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും വിധിച്ച പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
പങ്കാളികള്‍ തമ്മില്‍ നിയമ പോരാട്ടം നടക്കുമ്പോഴോ ഒരാള്‍ മറ്റൊള്‍ക്കെതിരെ ചെയ്ത കുറ്റകൃത്യത്തിന് വിചാരണ നേരിടുമ്പോഴോ ഒഴികെ ദാമ്പത്യ ആശയവിനിമയങ്ങള്‍ സമ്മതമില്ലാതെ വെളിപ്പെടുത്തരുതെന്നാണ് തെളിവു നിയമത്തിലെ 122 വകുപ്പു പറയുന്നത്. എന്നാല്‍ പങ്കാളിയുടെ ഈ അവകാശമാണെന്ന് കരുതാനാവില്ലെന്നും നീതിപൂര്‍വകമായ വിചാരണയ്ക്കുള്ള അവകാശത്തോടു ചേര്‍ത്തു വച്ചുവേണം ഇതിനെ കാണാനെന്നും കോടതി പറഞ്ഞു. ഇത്തരം തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ കുടുംബത്തിന്റെ ഐക്യത്തെ തകര്‍ക്കുമെന്നും പങ്കാളികള്‍ തമ്മിലുള്ള രഹസ്യാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള വാദം കോടതി തള്ളി. വിവാഹ ജീവിതത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം രഹസ്യാന്വേഷണം നടത്തുന്ന ഒരു ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കില്‍, അത് തന്നെ തകര്‍ന്ന ബന്ധത്തിന്റെ ലക്ഷണമാണെന്നും അവര്‍ തമ്മിലുള്ള വിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
1995ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരമുള്ള വിവാഹമോചന കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭാര്യയുടെ ക്രൂരത തെളിയിക്കുന്നതിനായി ഫോണ്‍ റെക്കോര്‍ഡ് ചെയ്ത രേഖകള്‍ വിവാഹ മോചന സമയത്ത് കുടുംബ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തന്റെ സമ്മതമില്ലാതെയാണ് റെക്കോര്‍ഡിങ് നടത്തിയതെന്നും അത് തെളിവായി സ്വീകരിക്കുന്നത് സ്വകാര്യതയെയും മൗലികാവകാശത്തേയും ഹനിക്കുന്നതുമാണെന്ന് വാദിച്ച് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഭാര്യക്ക് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.