News

പി ജി മനു കൊല്ലത്തെത്തിയത് വന്ദനാ വധക്കേസില്‍ പ്രതിഭാഗത്തിനായി; പ്രവര്‍ത്തിച്ചിരുന്നത് അഡ്വ ബി എ ആളൂരിനൊപ്പം

കൊല്ലം: കഴിഞ്ഞ ദിവസം വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ പി ജി മനു കൊല്ലത്തെത്തിയത് ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകാന്‍. വന്ദനയെ കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂരിനൊപ്പമാണ് മനു പ്രവര്‍ത്തിച്ചിരുന്നത്. കൊല്ലം ജില്ലാ കോടതിക്ക് സമീപം ആനന്ദവല്ലീശ്വരത്ത് കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് മനു വാടകയ്ക്ക് വീടെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി മനു എറണാകുളത്തെ വീട്ടില്‍ പോയി വസ്ത്രങ്ങളെടുത്തുവരാന്‍ ജൂനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൊല്ലത്തെ വീട്ടിലെത്തിയ ജൂനിയര്‍ അഭിഭാഷകനാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൂവാറ്റുപുഴയ്ക്ക് സമീപം മാമലശേരിയിലെ വസതിയിലെത്തിക്കും

നിയമസഹായം തേടിയെത്തിയ അതിജീവിതയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് മനു. കേസില്‍ ജാമ്യത്തില്‍ തുടരവേ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണമുയര്‍ന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും മനു മാപ്പുചോദിക്കുന്നുവെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയമുണ്ട്. മനുവിന്റെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും.

2018-ല്‍ പീഡനത്തിനിരയായ യുവതി നിയമോപദേശത്തിനായാണ് പി ജി മനുവിനെ സമീപിച്ചത്. നിയമസഹായം നല്‍കാനെന്ന പേരില്‍ യുവതിയെ മനു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മനുവിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ മനുവിനെതിരെ വീണ്ടും പീഡന പരാതിയുയരുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button