വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ സമര്‍പ്പിച്ച ഹര്‍ജി; ഇടപെടാതെ ഹൈക്കോടതി

കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന് ദുല്‍ഖര്‍ സല്മാന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. ദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.
ദുല്ഖറില് നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. വര്‍ഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവില്‍ എത്തിയ ഉടമയാണ് ദുല്‍ഖര്‍ സല്മാന്. ആരാണ് ഇതില്‍ യഥാര്‍ത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു.
ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 ആഢംബര വാഹനങ്ങള്‍ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയില്‍ തുടരുകയാണ്. ദുല്‍ഖറിന്റെ വാഹനം ഉള്‍പ്പെടെ കസ്റ്റഡിയിലുണ്ട്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടും പിടികൂടാനായത് 39 വാഹനങ്ങള്‍ മാത്രമാണ്. അതേസമയം, ഓപ്പറേഷന് നുംഖോറില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന തുടങ്ങിയപ്പോള്‍ തന്നെ വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്.



