ആളുമാറി മർദ്ദനം ; പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച് എസ്‌ഐ

പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മർദ്ദിച്ചത്. ബാറിന് മുന്നിൽ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തുന്നത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടി. ഇതേത്തുടർന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാർ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. കുറ്റക്കാരെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. എട്ടുപേരടങ്ങുന്ന സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി ബാർ ജീവനക്കാർ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവർ രക്ഷപ്പെട്ടതായും അവർ പറയുന്നു.
അടൂരിൽ വിവാഹസത്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികൾക്കാണ് പൊലീസിൽ നിന്നും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസിന്റെ ലാത്തിച്ചാർജിൽ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പിൽ നിന്നും ഇറങ്ങിയപാടെ പൊലീസ് മർദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മർദ്ദനമേറ്റവർ പറയുന്നു.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നും മർദ്ദനമേറ്റവർ പറയുന്നു. ചിലർക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകൾ അടക്കമുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.