Kerala

പത്തനംതിട്ട പീഡനം; പല തവണ കൂട്ടബലാത്സംഗത്തിന് ഇരയായി; : 29 എഫ്‌ഐആറുകൾ

പത്തനംതിട്ടയിൽ കായികതാരമായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 29 എഫ്‌ഐആറുകൾ. ജില്ലയിൽ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരിൽ മൂന്നുപേർ പ്രായപൂർത്തി ആകാത്തവരാണ്. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പെൺകുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറൽ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെൺകുട്ടിയെ പലരും പീഡിപ്പിച്ചു. പ്രദേശവാസിയായ പി ദീപുവാണ് മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ദീപു ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്.

നേരിൽ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വെച്ച് ദീപു പെൺകുട്ടിയെ കാണുന്നു. കാറിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം എത്തിയ ദീപു, പെൺകുട്ടിയെ മന്ദിരംപടിയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിന് സമീപം എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനു പിന്നാലെ ഓട്ടോറിക്ഷയിലെത്തിയ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർക്ക് പെൺകുട്ടിയെ കൈമാറിയശേഷം ഇവർ കടന്നുകളഞ്ഞു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ചും പെൺകുട്ടി പീഡനത്തിനിരയായി. ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തുവെച്ചാണ് അതിക്രമത്തിന് ഇരയായത്. പത്തനംതിട്ട ചെന്നീർക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെൺകുട്ടിയെ വാഹനത്തിൽ വെച്ച് പീഡിപ്പിച്ചു. രണ്ടുപേരാണ് പീഡിപ്പിച്ചത്. തോട്ടുപുറത്തെ അടച്ചിട്ടിരുന്ന കെട്ടിടത്തിന് സമീപം വാഹനം പാർക്കു ചെയ്താണ്, കാറിനുള്ളിൽ വെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിനുശേഷം കാറിൽ തന്നെ വീടിനു സമീപം കൊണ്ടു വന്ന് ഇറക്കി വിടുകയായിരുന്നു.

സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. പെൺകുട്ടിയുടെ പിതാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത്. ഈ സ്മാർട്ട്ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബർ സെൽ പൊലീസിന് നൽകിയിട്ടുണ്ട്. ഡിഐജി അജിതാ ബീ​ഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button