മാതാപിതാക്കളെ വീട്ടിൽ നിന്ന് ഇറക്കി വിട്ട സംഭവം; വൃദ്ധ ദമ്പതികൾക്ക് മക്കൾ മാസം 10,000 രൂപ വീതം നൽകണമെന്ന് ഉത്തരവിട്ട് കളക്ടർ

തിരുവനന്തപുരം വർക്കലയിൽ കാൻസർ രോഗിയായ അച്ഛനെയും അമ്മയെയും മകൾ വീട്ടിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ സാമൂഹ്യനീതി വകുപ്പിന്‍റെ ഇടപെടൽ. വൃദ്ധ ദമ്പതികളുടെ ചെലവിനായി മക്കൾ മൂന്നു പേരും 10,000 രൂപ വീതം മാസം ബാങ്ക് അക്കൗണ്ടിൽ നൽകണമെന്ന് കളക്ടറുടെ ഉത്തരവ്. അതേസമയം പോലീസ് ഇടപെട്ടതോടെ മകൾ അച്ഛനും അമ്മയ്ക്കും വീട് വിട്ടു നൽകി. വർക്കല അയിരൂരിലാണ് വൃദ്ധദമ്പതികളെ മകൾ വീട്ടിൽനിന്ന് പുറത്താക്കിയത്.
സംഭവത്തിൽ സാമൂഹ്യ നീതി വകുപ്പ് ഇടപെട്ടതിന് പിന്നാലെയാണ് വൃദ്ധ ദമ്പതികളുടെ ചെലവിനായി മക്കൾ മൂന്നു പേരും 10,000 രൂപ വീതം മാസം ബാങ്ക് അക്കൗണ്ടിൽ നൽകണമെന്ന് കളക്ടർ ഉത്തരവിട്ടത്. കൂടാതെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നു പേരും തുല്യമായി നൽകാനും തീരുമാനമായി.
മകൾ നിരന്തരം അച്ഛനെയും അമ്മയെയും ഉപദ്രവിച്ചിരുന്നു. പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുമായി ചർച്ച നടത്തി മാതാപിതാക്കളെ വീട്ടിൽ കയറ്റാൻ ധാരണയായത്. എന്നാൽ മകൾ മാതാപിതാക്കളെ വീട്ടിൽ കയറ്റാൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ ഇടപെടലിൽ അച്ഛനെ അമ്മയെയും വീടിനകത്തേക്ക് കയറ്റിയെങ്കിലും മകൾ എതിർപ്പ് തുടർന്നു. വിഷയത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ ഇടപെട്ടതോടെയാണ് അച്ഛനും അമ്മയ്ക്കും വീട് വിട്ടുനൽകാൻ മകൾ തയ്യാറായത്.