News

ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ: പാലക്കാട് കണ്ണാടി ഹയർ സെക്കൻ്ററി സ്കൂൾ നാല്ദിവസത്തേക്ക് അടച്ചു പൂട്ടി

പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയിൽ സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്ലാസ് ടീച്ചറിനെയും പ്രധാനാധ്യാപികയെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പല്ലൻചാത്തന്നൂർ സ്വദേശി അർജുൻ്റെ ആത്മഹത്യയ്ക്ക് കാരണം ക്ലാസ് അധ്യാപികയുടെ മാനസിക പീഡനമെന്നാണ് ആരോപണം. അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമാണ് സ്കൂളിൽ ഉണ്ടായത്.

കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത്. തൊട്ടുപിറകെ കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

അധ്യാപിക ക്ലാസിൽ വെച്ച് സൈബർ സെല്ലിൽ വിളിച്ചതോടെ അർജുൻ അസ്വസ്ഥാനായിരുന്നു എന്ന് സഹപാഠി പറയുന്നു. ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികളും സ്കൂളിൻ്റെ മുറ്റത്ത് പ്രതിഷേധം നടത്തി. തുടർന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും പ്രധാനാധ്യപികയെ ഉപരോധിച്ചു. അധ്യാപികയുടെ ഭാഗത്ത് നിന്നും പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപിക നിലപാട് ആവർത്തിച്ചതോടെ വീണ്ടും പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് മാനേജ്മെൻ്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ആരോപിതരായ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button