KeralaNews

ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കി ; അന്വേഷണം നടത്താൻ കളക്ടർക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു. ആറ് വയസ്സുകാരന്‍ സുഹാന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

‘യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്. ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തും. സുഹാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ആദരാഞ്ജലികള്‍’, മന്ത്രി പറഞ്ഞു.

കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട പരിശോധനയിലാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

പിന്നാലെ പൊലീസും ഡോഗ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം സുഹാന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുമേഷ് അച്യുതന്‍ ആരോപിച്ചു. സാധാരണ ഗതിയില്‍ കുട്ടി ഒറ്റയ്ക്ക് ഇത്രയും ദൂരം കളിക്കാനായി പോകാറില്ലെന്നും നടന്ന് പോകുമ്പോള്‍ കുളത്തിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു. ഇന്നലെ ഈ കുളത്തില്‍ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഡോഗ് സ്‌ക്വാഡ് എത്തിയത് മറ്റ് രണ്ട് കുളങ്ങളിലേക്ക് ആയതിനാല്‍ അവിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. റോഡിലൂടെ നടക്കുമ്പോള്‍ അബദ്ധത്തില്‍ കുളത്തിലേക്ക് വീഴാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ കുളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എപ്പോഴും ആള്‍പ്പെരുമാറ്റം ഉണ്ടാകാറുള്ള കുളമാണ്. പക്ഷെ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button