NationalNews

ഇന്ത്യ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടലില്‍ യാത്ര വിമാനങ്ങളെ പാകിസ്ഥാന്‍ കവചമാക്കി ; വ്യോമപാതയിൽ എത്തിയത് ദമ്മാമിൽ നിന്നുള്ള വിമാനം

ഇന്ത്യക്കെതിരായ ആക്രമണത്തില്‍ യാത്രാ വിമാനങ്ങളെ പാകിസ്ഥാന്‍ മറയാക്കിയെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളുടെയും ഇന്ത്യയുടെ പ്രത്യാക്രമണത്തിന്‍റെയും വിശദാംശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കി.

ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആക്രമണം നടത്തിയ സമയത്ത് ഇന്ത്യന്‍ വ്യോമപാതയില്‍ യാത്രാ വിമാനങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. കൃത്യമായ മുന്നൊരുക്കം ഇന്ത്യ നടത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ വ്യോമപാതയിലൂടെ ഈ സമയം രണ്ട് യാത്രാ വിമാനങ്ങൾ കടന്നു പോയതായും ഇന്ത്യ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടലില്‍ യാത്ര വിമാനങ്ങളെ പാകിസ്ഥാന്‍ കവചമാക്കിയതായും വാര്‍ത്താ സമ്മേളനത്തില്‍ സേന വ്യക്തമാക്കി. ഇതില്‍ ഒരു ആഭ്യന്തര വിമാനവും ഒരു അന്താരാഷ്ട്ര വിമാനവും ഉണ്ടായിരുന്നു

ആക്രമണം നടന്ന സമയം പാക് വ്യോമപാതയിലൂടെ കടന്നു പോയ ഫ്ലൈനാസ് വിമാനത്തിന്‍റെ വിവരം സേന എടുത്തു പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഇന്നലെ വൈകിട്ട് 5.50ന് പുറപ്പെട്ട് പാകിസ്ഥാനിലെ ലാഹോറില്‍ രാത്രി 9.10 ന് എത്തിച്ചേര്‍ന്ന ഫ്ലൈനാസ് ഏവിയേഷന്‍റെ എയര്‍ബസ് 320 വിമാനമാണിതെന്ന് വ്യക്തമാക്കി. പാകിസ്ഥാന്‍ വ്യോമപാതയിലൂടെ കറാച്ചിക്കും ലാഹോറിനും ഇടയിലുള്ള ഒരു യാത്രാ വിമാനവും കടന്നുപോയിരുന്നു. യാത്രാ വിമാനങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത രീതിയില്‍ ജാഗ്രതയോടെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നാല് വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകൾ ഉപയോഗിച്ചുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര അതിർത്തിയിലും, നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. പാകിസ്ഥാനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button