പാകിസ്ഥാനെ ആക്രമിക്കുന്നതിനായി ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. തങ്ങള്‍ക്കെതിരെ പ്രകോപനപരവും വീണ്ടു വിചാരമില്ലാത്തതുമായ ആക്രമണം നടത്തി പ്രാദേശികസമാധാനം അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ ഒരുവട്ടം കൂടി ശ്രമിച്ചതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തെ ദൗര്‍ഭാഗ്യകരം എന്നും പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സന്ദര്‍ഭത്തില്‍ പാകിസ്ഥാനെ പിന്തുണച്ച രാജ്യങ്ങളിലൊന്നായ അസൈര്‍ബൈജാനില്‍ നടന്ന ഇക്കണോമിക് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (ഇസിഒ) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഷഹബാസ് ഷെരീഫ്. കശ്മീരിലെ നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ പ്രാകൃതമായ ആക്രമണങ്ങള്‍ തുടരുകയാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. ഗാസയിലേയും ഇറാനിലേയും നിരപരാധികളായ ജനങ്ങളും യാതന അനുഭവിക്കുകയാണെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.