NationalNews

പഹൽഗാം ആക്രമണം; ഭയപ്പാടിൽ പാകിസ്ഥാൻ, ‌കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞു

പഹൽഗാം ആക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പിരിമുറുക്കത്തിന്റെ അന്തരീക്ഷമാണ് അതിർത്തിയിലടക്കം. ഇന്നും പ്രധാനപ്പെട്ട നീക്കങ്ങളിലേക്ക് ഇന്ത്യ പോയി. തിരിച്ചടി ഭയന്ന് പാകിസ്ഥാനും തിരിക്കിട്ട നടപടികളിലേക്ക് പോകുകയാണ്. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളിൽ പാകിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്‍റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന. അതേസമയം, വാ​ഗാ അതിർത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തർക്കം. പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി അടച്ചു. അട്ടാരി അതിർത്തി വഴി പാകിസ്ഥാൻ പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിർത്തി ഇന്ന് മുതൽ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും.

സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാതയടച്ച് ഇന്ത്യ അടുത്ത തിരിച്ചടി പാകിസ്ഥാന് നല്‍കിയത്. കപ്പല്‍ ഗതാഗതം നിരോധിക്കാനും, ഇറക്കുമതിയടക്കം വാണിജ്യ ബന്ധം ഉപേക്ഷിക്കാനുമുള്ള തുടര്‍ ചര്‍ച്ചകളിലാണ് ഇന്ത്യ. ഇന്നലെ വിവിധ മന്ത്രലായ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഇക്കാര്യങ്ങളുടെ സാധ്യത പരിശോധിച്ചിരുന്നു. തിരിച്ചടിക്ക് സമയവും സാഹചര്യവവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. ഇതിന്‍റെ പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷ സമിതിയുടെ ആദ്യ യോഗവും സൈനിക നീക്കങ്ങളുടെ ഒരുക്കം വിലയിരുത്തും. അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുള്ള പാകിസ്ഥാന്‍റെ പ്രകോപനവും അലോക് ജോഷിയുടെ അധ്യക്ഷതയില്‍ ചേരുന്ന ആറംഗ സമിതി യോഗം വിലയിരുത്തും. അറബിക്കടലില്‍ പാക് നാവികസേനയുമായി മുഖാമുഖമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച വാര്‍ഷിക ഡ്രില്ലാണ് നടന്നതെന്നും മറ്റന്നാള്‍ വരെ തുടരുമെന്നും വ്യക്തമാക്കി. പാകിസ്ഥാനും സമാന പ്രകടനത്തിലാണ്. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭീകരരെ പിടിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button