സ്വന്തം രാജ്യത്തിന് നേരെ ബോംബാക്രമണം നടത്തി പാക് വ്യോമസേന; 30 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്. പാകിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ തിരാഹ് താഴ്‌വരയിലെ മാത്രെ ധാര ഗ്രാമത്തില്‍ എട്ട് എല്‍ എസ് -6 ബോംബുകളാണ് ഇട്ടത്. കുട്ടികളടക്കം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ച്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്
ബോംബ് സ്‌ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും ഖൈബര്‍ പഷ്തൂണ്‍ മേഖലയില്‍ പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.



