News

മുംബൈ ഭീകരാക്രമണക്കേസ്; തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കൻ കോടതി

കാലിഫോർണിയ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ജാക്വലിൻ ചൂൾജിയാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്

2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളി പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്ക്ക് കനത്ത തിരിച്ചടി. തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കൻ കോടതി വിധിച്ചു. 2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2020 ജൂണ്‍ 10നാണ് ഇന്ത്യ-അമേരിക്ക കരാര്‍ പ്രകാരം റാണയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പരാതി നല്‍കിയത്. കാലിഫോർണിയ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ജാക്വലിൻ ചൂൾജിയാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന അമേരിക്കൻ കോടതി അംഗീകരിക്കുകയായിരുന്നു.

തഹാവുർ റാണ കുറ്റം ചെയ്തെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. നേരത്തേ, റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ ബൈഡന്‍ ഭരണകൂടം അംഗീകരിച്ചിരുന്നു. അതേസമയം റാണയുടെ അഭിഭാഷകന്‍ അദ്ദേഹത്തെ കൈമാറുന്നതിനെ എതിര്‍ത്തു. ഈ വിധിക്കെതിരെ അപ്പീൽ പോകാൻ റാണയ്ക്ക് അവസരമുണ്ട്. ഇന്ത്യയിലേക്ക് കൈമാറുന്നത് തടയാനുള്ള നിയമപരമായ എല്ലാ സാധ്യതകളും റാണയുടെ മുന്നിലുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പാക് വംശജനാണ് തഹാവുര്‍ റാണ.

2005-ല്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ അച്ചടിച്ച ജിലാന്‍ഡ്‌സ്-പോസ്റ്റണ്‍ എന്ന ഡാനിഷ് പത്രമോഫീസ് ആക്രമിക്കാന്‍ ലഷ്‌കര്‍ ഭീകരന്മാര്‍ക്ക് പിന്തുണ നല്‍കിയതിനും 2011-ല്‍ ചിക്കാഗോയില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ ആക്രമണത്തിന് പദ്ധതിയിട്ട ഹെഡ്‌ലി കബളിപ്പിച്ചുവെന്ന റാണയുടെ വാദത്തെത്തുടർന്ന് യുഎസ് കോടതി റാണയ്‌ക്കെതിരെ മുംബൈ ആക്രമണത്തിന് പിന്തുണ നല്‍കിയെന്ന ഗുരുതരമായ കുറ്റം ഒഴിവാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button