പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. കേന്ദ്രമന്ത്രി സഭ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചായായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.
അതേസമയം, തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.
സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാര്‍ക്കോ റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഇന്നലെ പ്രസ്താവന ഇറക്കി. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് ഇന്നലെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. പാകിസ്ഥാൻ ഉടമസ്ഥതയിലുള്ള യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്.