Kerala

‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം ; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ മൊഴി

തിരുവനന്തപുരം: ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായിയുടെ മൊഴി. പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കമെന്നും എസ്ഐടിയോട് വെളിപ്പെടുത്തൽ. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഡി മണി, ദിണ്ടിഗൽ സ്വദേശിയായ ബാലമുരുഗൻ ആണെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. ഇടനിലക്കാരനായ ശ്രീകൃഷ്ണനെയും എസ്ഐടി തിരിച്ചറിഞ്ഞു. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി.

കൂടാതെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ  അറിയിക്കും. ഇതിനിടെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പോറ്റിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടി കേസിൽ കക്ഷി ചേരാനുള്ള അപേക്ഷയും  ഹൈക്കോടതിയക്ക് മുന്നിലെത്തി. എം.ആർ അജയനാണ് ഹർജിക്കാരൻ. എഡിജിപിമാരായ പി വിജയൻ, എസ് ശ്രീജിത്ത്, ഐജി ഹരിശങ്കർ എന്നിവർക്കെതിരെയാണ് ആരോപണം. ഹർജി പരിഗണിച്ചപ്പോൾ  കക്ഷിയോ, അഭിഭാഷകനോ ഹജരായില്ല. മാത്രമല്ല അവധിക്കാല ബഞ്ച് പരിഗണിച്ച മറ്റ് രണ്ട് കേസുകളിലും ഇതേ ഹർജിക്കാരൻ സമാനമായി കക്ഷിചേരാനും അപേക്ഷ നൽകി. അഭിഭാഷകൻ ഹാജരാകാതെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനു ഹർജിക്കാരനായ എം ആർ അജയന് കോടതി 10000 രൂപ പിഴ ചുമത്തി. ജസ്റ്റിസ് മുഹമ്മദ്‌ മുഷ്ത്താക്ക് ജസ്റ്റിസ് പി എം മനോജ്‌ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button