Kerala

പിവി അന്‍വര്‍ മത്സരിക്കില്ലെന്നാണ് കരുതുന്നത്: കെസി വേണുഗോപാല്‍

പിണറായി വിജയനെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പിവി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നാമ് കരുതുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അന്‍വറിനെക്കുറിച്ച് പാര്‍ട്ടിയിലെ ഏതു നേതാവിനും പ്രത്യേക അജണ്ടയില്ലെന്നും കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

അന്‍വറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

അതേസമയം, യുഡിഎഫിന്റെ ഭാഗമാകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു, നിലമ്പൂരില്‍ സ്വതന്ത്രമായി മത്സരിക്കാനുള്ള നീക്കത്തിലാണ് പി വി അന്‍വര്‍. ഈ സംബന്ധമായ അന്തിമ തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എടുക്കാമെന്നാണ് സൂചന. അന്‍വറുമായി കൂടിക്കാഴ്ച നടത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ പുതിയ നീക്കം എടുക്കുന്നത്.

അന്‍വറുമായി ചര്‍ച്ചകള്‍ തുടരുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്നും നിലമ്പൂരില്‍ ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങുമെന്നും ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോറിന്റെ ഗുഡ്മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തെ പൂര്‍ണമായും പൂര്‍ത്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയുള്ള എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് യുഡിഎഫ് എന്നും സ്വീകരിച്ചിട്ടുള്ള സമീപനം. ഈ ഗവണ്‍മെന്റില്‍ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണി നിരത്തുക എന്നതാണ് ലക്ഷ്യം. അന്‍വറിന്റെ വിഷയത്തിലും അത് തന്നെയാണ് നിലപാട്. ആ വിഷയം പരിഹരിക്കാന്‍ വേണ്ടി ഞാന്‍ അന്‍വറുമായി സംസാരിച്ചു. അന്‍വര്‍ ഇന്നലെ വേണുഗോപാലുമായി സംസാരിക്കാന്‍ ആഗ്രഹിച്ചു. വേണുഗോപാല്‍ വിളിച്ചിട്ട് അദ്ദേഹത്തെ കിട്ടിയില്ല. ആ സംസാരം ഞങ്ങള്‍ തുടരും. എല്ലാവരും കൂടി യോജിച്ച് പോകാനാണ് തീരുമാനം- അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button