മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു: പി രാജീവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരായ വിധി അന്വേഷണസംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണെന്ന് മന്ത്രി പി രാജീവ്. വിധിയുടെ പൂര്‍ണ ഭാഗം കിട്ടിയിട്ടില്ല. നല്ല വിധി ആയിട്ടാണ് തോന്നുന്നത്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിധി പകര്‍പ്പ് കിട്ടിയതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജഡ്ജിനും പ്രോസിക്യൂഷനും എതിരായുള്ള സമൂഹമാധ്യമ പ്രതികരണങ്ങള്‍ തെറ്റാണ്. വിധിയോട് വിയോജിപ്പ് ഉണ്ടാകാം. അതിജീവതയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പ്രോസിക്യൂട്ടറെ ഉള്‍പ്പെടെ വെച്ചത്. വിധിന്യായത്തെ നമുക്ക് വിമര്‍ശിക്കാം. വിധി പറയുന്ന ന്യായാധിപര്‍ക്ക് നേരെയുള്ള വിമര്‍ശനത്തോട് യോജിക്കുന്നില്ലെന്നും പി രാജീവ് വ്യക്തമാക്കി. 20 വര്‍ഷം ശിക്ഷ കിട്ടിക്കഴിഞ്ഞാല്‍ സാധാരണ രീതിയില്‍ പ്രോസിക്യൂഷന് വീഴ്ച ഉണ്ടെന്ന് ആരെങ്കിലും പറയുമോയെന്നും അദ്ദേഹം ചോദിച്ചു.



