രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും; ഓപ്പറേഷന്‍ സിന്ദൂര്‍ ആവര്‍ത്തിക്കുമെന്ന് രാജ്‌നാഥ് സിങ്

0

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തകര്‍ത്ത സൈനിക നടപടിയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ‘ഇന്നലെ സ്വീകരിച്ച നടപടിക്കും അവര്‍ കാണിച്ച ധൈര്യത്തിനും ഞാന്‍ സൈന്യത്തെ അഭിനന്ദിക്കുന്നു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ നിര്‍വീര്യമാക്കി. ഇത് ഞങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമാണ്.’ -പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

‘ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതിന്റെ കൃത്യത സങ്കല്‍പ്പിക്കാനാവാത്തതും വളരെ പ്രശംസനീയവുമാണ്. ഒന്‍പത് തീവ്രവാദ ക്യാമ്പുകളാണ് തകര്‍ത്തത്. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സാധാരണക്കാരനെയും ഉപദ്രവിക്കാതെയും കുറഞ്ഞ നാശനഷ്ടങ്ങളോടെയുമാണ് ഓപ്പറേഷന്‍ നടത്തിയത്.’- പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

‘ഇന്ത്യയുടെ ക്ഷമയെ ആരെങ്കിലും മുതലെടുക്കാന്‍ ശ്രമിച്ചാല്‍, ഇന്നലത്തെ പോലെ കനത്ത നടപടിയെ നേരിടാന്‍ അവര്‍ പൂര്‍ണ്ണമായും തയ്യാറായിരിക്കണം. ഇന്ത്യയുടെ സ്വത്ത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ല. ഇക്കാര്യത്തില്‍ ഞാന്‍ നാട്ടുകാരെ വിശ്വസിക്കുന്നു’- രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here