ഇനി ഒരു കടമ്പ മാത്രം; ടി20 കിരീടത്തിലേക്ക് ഇന്ത്യക്ക് ഇനി ഒരു മത്സരം കൂടി

0

ടി20 ലോക കിരീടത്തിലേക്ക് ഇന്ത്യ കുറച്ചുകൂടി അടുക്കുകയാണ്. ഇംഗ്ലണ്ടിനെ സെമിയിൽ 68 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ പത്തു വർഷത്തിനുശേഷം ആദ്യമായി ഫൈനലിലെത്തുന്നത്. 2022 സെമി ഫൈനൽ തോൽവിയുടെ കണക്ക് തീർക്കാനും രോഹിത് ശർമക്കും സംഘത്തിനുമായി. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.

മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. പിച്ചിലെ ഈർപ്പം ഇന്ത്യയുടെ ബാറ്റിങ് ദുഷ്കരമാക്കി. സൂപ്പർതാരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ ഒമ്പതു റണ്‍സെടുത്ത കോഹ്ലിയെ പേസർ റീസ് ടോപ്‍ലി ബോൾഡാക്കി. അധികം വൈകാതെ നാലു റൺസെടുത്ത ഋഷഭ് പന്ത് സാം കറണിന്‍റെ പന്തിൽ ജോണി ബെയർസ്റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. ഇന്ത്യ 5.2 ഓവറിൽ രണ്ടു വിക്കറ്റിന് 40 റൺസ്. രോഹിത്തും സൂര്യകുമാറും ക്രീസിൽ ഒന്നിച്ചതോടെ ടീമിന്‍റെ സ്കോറും കുതിച്ചു.

ഇതിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം തടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ഇന്ത്യൻ സ്കോർ നൂറ് കടത്തി. പിന്നാലെ രോഹിത് ആദിൽ റാഷിദിന്‍റെ പന്തിൽ വമ്പനടിക്ക് ശ്രമിക്കുന്നതിനിടെ ബൗൾഡായി. സൂര്യകുമാറിനെ ആർച്ചറുടെ പന്തിൽ ക്രിസ് ജോർദാൻ ക്യാച്ചെടുത്താണ് പുറത്താക്കിയത്. 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ ജോർദാന്‍റെ പന്തിൽ സാം കറണിന് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായ രണ്ടു സിക്സുകൾ പറത്തിയശേഷമാണ് പാണ്ഡ്യ പുറത്തായത്.

തൊട്ടടുത്ത പന്തിൽ ശിവം ദുബെയെയും മടക്കി ജോർദൻ ഇന്ത്യയെ പ്രതിരോധത്തിലാക്കി.വിക്കറ്റ് കീപ്പർ ബട്ലർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. അക്സർ പട്ടേൽ ആറു പന്തിൽ 10 റൺസെടുത്തു. 17 റൺസുമായി രവീന്ദ്ര ജദേജയും ഒരു റണ്ണുമായി അർഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. റീസ് ടോപ്ലി, ആർച്ചർ, കറൺ, ആദിൽ റാഷിദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.


മറുപടി ബാറ്റിങ്ങിൽ അപകടകാരിയായ ജോസ് ബട്ല്ലറെ മടക്കി അക്സർ പട്ടേലാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 15 പന്തിൽ 23 റൺസെടുത്ത താരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകകളിലെത്തി. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംറ ഫിൽ സാൾട്ടിനെ ബൗൾഡാക്കി. ജോണി ബെയർസ്റ്റോ വന്നപോലെ മടങ്ങി. അക്സർ തന്‍റെ രണ്ടാം. ഇതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

5.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ്. തൊട്ടുപിന്നാലെ സാം കറണെ കുൽദീപ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. നാലു പന്തിൽ രണ്ടു റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. 19 പന്തിൽ 25 റൺസെടുത്ത ഹാരി ബ്രൂക്കിനെ കുൽദീപ് ബൗൾഡാക്കി. ഒരു റണ്ണെടുത്ത ക്രൈസ് ജോർദാനും കുൽദീപിന്‍റെ പന്തിൽ പുറത്ത്.

16 പന്തിൽ 11 റൺസെടുത്ത ലിവിങ്സ്റ്റണും രണ്ടു പന്തിൽ രണ്ടു റൺസെടുത്ത ആദിൽ റഷീദും റൺ ഔട്ടായി. 15 പന്തിൽ 21 റൺസെടുത്ത ആർച്ചറെ ബുംറ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. മൂന്നു റൺസുമായി റീസ് ടോപ്ലി പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here