
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള മുഹമ്മദ് കത്താരിയയാണ് പിടിയിലായത്. ജമ്മു കശ്മീര്‍ പൊലീസ് ആണ് കഠാരിയയെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണം നടത്തിയവരെ പിടികൂടാന്‍ നടത്തിയ ഓപ്പറേഷന്‍ മഹാദേവിന് ശേഷം സുരക്ഷാ സേന നടത്തിയ നിര്‍ണായകമായ നീക്കത്തിലാണ് സഹായിയായ മുഹമ്മദ് കത്താരിയയെ കൂടി പിടികൂടിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജൂലൈയില്‍ നടന്ന ഓപ്പറേഷന്‍ മഹാദേവില്‍ കണ്ടെത്തിയ ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി കത്താരിയയെ പൊലീസ് വിളിപ്പിക്കുകയായിരുന്നു. പിന്നാലെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി. കുല്‍ഗാം സ്വദേശിയാണ് കത്താരിയ. ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ കേന്ദ്രമായ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഭീകരരായിരുന്നു പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍. പിടിയിലായ മുഹമദ് കത്താരിയ സുലൈമാന്‍ ഷായുടെ അടുത്ത അനുയായി ആയിരുന്നുവെന്നാണ് സൂചന.



