
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. തിരുവനന്തപുരം നഗരപരിധിയിലെ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമായിരിക്കും അവധി ബാധകമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര ചൊവ്വാഴ്ച വെള്ളയമ്പലത്തു നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകരന്മാര്‍ ശംഖനാദം മുഴക്കും. തുടര്‍ന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കം കുറിക്കും.
ആയിരത്തില്‍പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ തയാറാക്കുന്ന അറുപതോളം ഫ്‌ലോട്ടുകള്‍ ഘോഷയാത്രയുടെ പ്രത്യേകതയാണ്. കൂടാതെ 91 ദൃശ്യ-ശ്രവ്യ കലാരൂപങ്ങളും കരസേനനയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പ്രമേയം മുന്‍നിര്‍ത്തി ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയില്‍ ഒത്തുചേരും.
കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും, ആരോഗ്യശീലങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്‌ലോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും. കാണികളില്‍ വിജ്ഞാനവും വിസ്മയവും കൗതുകവുമുണര്‍ത്തുന്നതുമായ ഈ സാംസ്‌കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാന്‍ ഉദ്ദേശം ഒന്നര മണിക്കൂര്‍ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ലോട്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഫ്‌ലോട്ടുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വിവിഐപി പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളജിന് മുന്‍വശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങള്‍ അവതരിപ്പിക്കും.
ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, വിശിഷ്ടവ്യക്തികള്‍, സാംസ്‌കാരിക നായകന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വിവിഐപി പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കും. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും കാണികളായി എത്തുന്നവര്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനു വേണ്ടി ക്രമീകരണം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

