നാടെങ്ങും ഓണാഘോഷം; ആറന്മുള ക്ഷേത്രത്തിൽ തിരുവോണതോണി എത്തി, ഗുരുവായൂരിൽ വൻ തിരക്ക്,

ആറന്മുള ക്ഷേത്രത്തിൽ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി. ഇന്നലെ വൈകിട്ട് കാട്ടൂർ ക്ഷേത്രത്തിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി തോണിയിൽ പുറപ്പെട്ടത്. ക്ഷേത്ര കടവിൽ ആചാരപരമായി തോണിയെ സ്വീകരിച്ചതിന് ശേഷം തിരുവോണ സദ്യഒരുക്കാനുള്ള നടപടികൾ തുടങ്ങി. നിരവധി പേരാണ് ചെറിയ മഴയ്ക്കിടയിലും ആറന്മുളയിൽ എത്തിയിരിക്കുന്നത്. വഞ്ചിപ്പാട്ടുമൊക്കെയായി ആവേശത്തിലാണ് ആളുകൾ. അതേസമയം, തിരുവോണം പ്രമാണിച്ച് ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലും പ്രത്യേക ചടങ്ങുകൾ നടക്കും.
അതേസമയം, ഓണം സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും രംഗത്തുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓർമ്മകളിൽ ചവിട്ടി നിന്ന്, സമത്വസുന്ദരമായ ഒരു ലോകം ആവിഷ്കരിക്കാൻ ഓരോ മലയാളിയും ശ്രമിക്കുന്നു.
കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങം മാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്. ഉണ്ണാനും ഉടുക്കാനും വഴികാണിക്കുന്നതും മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതുമായ ഒരു പുതുവർഷമാണിത്. തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെ ഏറെക്കുറെ അന്യമായെങ്കിലും, പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളി ഓണത്തിന്റെ ആത്മാവിനെ ചേർത്തുപിടിക്കുന്നു. അത്തം മുതൽ മണ്ണിലും മനസ്സിലും നിറഞ്ഞുനിന്ന പൂവിളികൾക്ക് ഇന്ന് പാരമ്യമാവുകയാണ്.



