ഒയാസിസ് തമിഴ്നാട്ടിലേക്ക്; പൊളളാച്ചിയിലും വില്ലുപുരത്തും പ്ലാന്റ് നിർമിക്കാൻ നീക്കം

കേരളത്തിൽ ബ്രൂവറി വിവാദം കത്തി നിൽക്കെ ഒയാസിസ് കമ്പനി തമിഴ്നാട്ടിലേക്ക്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും, വില്ലുപുരത്തും പ്ലാൻ്റിനായി സ്ഥലം വാങ്ങാനുള്ള നീക്കം കമ്പനി ആരംഭിച്ചു. എലപ്പുള്ളിയിലെ പ്ലാൻ്റിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. 50 ഏക്കർ സ്ഥലം വാങ്ങാനാണ് കമ്പനിയുടെ തീരുമാനം. പാലക്കാട് തെരഞ്ഞെടുക്കാൻ കാരണമായ ഘടകങ്ങൾ തമിഴ്നാട്ടിലും ഉണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തൽ.
പ്രളയം ബാധിക്കാത്ത മേഖലയായതിനാലാണ് എലപ്പുള്ളിയില്‍ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. അനുമതി നേടാന്‍ ആര്‍ക്കും കൈക്കൂലി നല്‍കിയിട്ടില്ല. സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടെ, പൂര്‍ണ്ണമായ വിവരങ്ങള്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
മഴവെള്ള സംഭരണി ഉപയോഗിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എലപ്പുള്ളിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എഥനോള്‍, മദ്യം എന്നിവ നിര്‍മ്മിച്ച ശേഷമുള്ള മാലിന്യം ഉപയോഗിച്ച് കാലിത്തീറ്റ, ഡ്രൈഡ് ഐസ് എന്നിവ നിര്‍മ്മിക്കും. കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ച രണ്ട് വര്‍ഷത്തിനുശേഷം ആറ് മെഗാവാട്ട് വൈദ്യുതിയും ഉല്പാദിപ്പിക്കും. ഇതില്‍ നിന്നും മൂന്ന് മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിക്ക് നല്‍കാനാവും എന്നും അധികൃതര്‍ വിശദീകരിച്ചിരുന്നു.