‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

0

താന്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ ഗായകന്‍ വേടന്‍. താന്‍ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവര്‍ക്കും അറിയാമെന്നും വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് അറിയില്ലെന്നും വേടന്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വേടന്റെ പ്രതികരണം.

പുലിപ്പല്ല് കൈവശം വെച്ച കേസില്‍ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരത്തേ, തായ്ലാന്‍ഡില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തിങ്കളാഴ്ച ഹില്‍പ്പാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവും ഒന്‍പതര ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഈ കേസില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് എത്തുമ്പോള്‍ മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒന്‍പത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here