യൂസ്ലസ് പോളിറ്റിക്‌സ് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല, ഏറ്റവും അധികം വിഷമിക്കുന്നത് പാലക്കാട്ടെ ജനങ്ങള്‍; രാഹുല്‍ വിഷയത്തില്‍ രാജീവ് ചന്ദ്രശേഖര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ”ഇപ്പോള്‍ നടക്കുന്നത് ഒരു ഫിക്‌സഡ് മാച്ചാണ്. മാസങ്ങള്‍ക്കുമുമ്പ് സ്വമേധയാ എടുത്ത കേസില്‍ രാഹുലിനെ വേണമെങ്കില്‍ അറസ്റ്റ് ചെയ്യാമായിരുന്നു. അത് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ്,” എന്നും അദ്ദേഹം ആരോപിച്ചു.
”യൂസ്ലസ് പോളിറ്റിക്‌സ് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല. ഏറ്റവും അധികം വിഷമിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ഇങ്ങനെ ഒരു എം.എല്‍.എ.യെ തെരഞ്ഞെടുത്തതിന് പാലക്കാട്ടുകാര്‍ക്കാണ് ഇപ്പോള്‍ സഹതാപം. മെട്രോമാന്‍ ഈ. ശ്രീധരനെ തോല്‍പ്പിച്ചതില്‍ പാലക്കാട് ജനത കുറ്റബോധത്തിലാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗികപീഡനം-ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍എംഎല്‍എയെ ആറ് ദിവസമായിട്ടും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നാളെ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് അന്വേഷണസംഘം. രാഹുല്‍ മുങ്ങാന്‍ ഉപയോഗിച്ച സിനിമാ താരത്തിന്റേതെന്ന് കരുതുന്ന ചുവന്ന കാര്‍ സൂക്ഷിച്ചിരുന്നത് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവെന്നാണ് സൂചന.
അതേസമയം, അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തിലാണ്. ജാമ്യാപേക്ഷ ഫയല്‍ ചെയ്യുന്നതില്‍ തീരുമാനം ആയിട്ടില്ലെന്ന് രാഹുലിന്റെ ഭാര്യ ദീപയുടെ പ്രതികരണം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഈശ്വറിന് നോട്ടീസ് നല്‍കിയിരുന്നില്ലെന്നും കള്ളക്കേസ് ആണെന്നും ദീപ പറഞ്ഞു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.



