ഐഎഎസ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല’; ദിവ്യ എസ് അയ്യര്‍ക്ക് എതിരെ കേന്ദ്രത്തിന് പരാതി

0

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുമായ ദിവ്യ എസ് അയ്യര്‍ക്ക് എതിരെ വിജിലന്‍സിനും കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തിനും പരാതി. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയെന്നതാണ് വിജിലന്‍സിന് മുന്നിലുള്ള പരാതി. സമൂഹമാധ്യമങ്ങള്‍ ഉപയോഗത്തില്‍ ഉള്‍പ്പെടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദിവ്യ എസ് അയ്യര്‍ പതിവായി ലംഘിക്കുന്നു എന്നാണ് പഴ്സനല്‍ മന്ത്രാലയത്തിന് നല്‍കിയ പരാതിയിലെ ആരോപണം. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാനാണ് പരാതിക്കാരന്‍.

വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി റോഡ് പുറമ്പോക്കാണെന്നു കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ ഏറ്റെടുത്തിരുന്നു. ഈ ഭൂമി ദിവ്യ എസ് അയ്യര്‍ തിരുവനന്തപുരം സബ് കലക്ടറായിരിക്കെ തഹസില്‍ദാരുടെ നടപടി റദ്ദാക്കി സ്വകാര്യ വ്യക്തിക്കു ഭൂമി കൈമാറാന്‍ നിര്‍ദേശിച്ചെന്നാണു പരാതി. ഭൂമി ഏറ്റെടുത്ത നടപടിക്ക് എതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സബ് കലക്ടറെ ചുമതലപ്പെടുത്തി. പരാതിക്കാരന്റെ വാദം കേട്ട ദിവ്യ, തഹസില്‍ദാരുടെ നടപടി റദ്ദാക്കി സ്വകാര്യ വ്യക്തിക്കു ഭൂമി കൈമാറാന്‍ നിര്‍ദേശിച്ചെന്നാണു പരാതി. ഈ വിഷയത്തില്‍ ദിവ്യയ്ക്ക് എതിരെ സിപിഎം ജില്ലാ കമ്മിറ്റി ആരോപണം ഉന്നയിച്ചതും വി ജോയി എംഎല്‍എ പരാതി നല്‍കിയിട്ടുണ്ടെന്നും പുതിയ പരാതിയില്‍ പറയുന്നു.

പത്തനംതിട്ടയിലെ ഔദ്യോഗിക പരിപാടിയില്‍ കുഞ്ഞുമായി വേദിയില്‍ വന്നതും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളും പേഴ്സണല്‍ കാര്യ മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here