ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഉത്തരേന്ത്യയിൽ ആക്രമണം ; അലങ്കാരങ്ങളും സാന്താക്ലോസിൻ്റെ രൂപവും അടിച്ചുതകർത്തത്

ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണം. ഛത്തീസ്ഗഡ് റായിപ്പൂരിൽ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്തു.ഉത്തർപ്രദേശിലെ ബറേലിയിൽ ക്രിസ്ത്യൻ പള്ളിക്കുമുന്നിൽ ഹിന്ദുത്വ സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലി പ്രകോപനമുണ്ടാക്കാനായിരുന്നു ശ്രമം.
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഉത്തരേന്ത്യയിൽ ആക്രമണം തുടരുകയാണ്. ഛത്തീസ്ഗഡിൽ കമ്പിയും വടിയുമായിയെത്തിയ സർവ ഹിന്ദു സാമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരാണ് അലങ്കാരങ്ങളും സാന്താക്ലോസിൻ്റെ രൂപവും അടിച്ചുതകർത്തത്.
മതപരിവർത്തനമാരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച ‘ഛത്തീസ്ഗഡ് ബന്ദ്’ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. നൂറിലധികം പേരുടെ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. മാളിലെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശിലെ ബറേലി കന്റോൺമെന്റ് ഏരിയയിലെ പള്ളിക്ക് മുന്നിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ഇരുപതിലേറെ പേരടങ്ങുന്ന ബജ്‌രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ തടിച്ച് കൂടിയത്. ഹനുമാൻ ചാലിസ ചൊല്ലിയായിരുന്നു പ്രകാപനം. പൊലീസ് നോക്കി നിൽക്കേയാണ് സംഭവം
ഒഡീഷയില്‍ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വില്‍ക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. ഇത്തരം ആഘോഷങ്ങള്‍ വീട്ടിലിരുന്ന് മതിയെന്നായിരുന്നു ഭീഷണി. അടൽ ബിഹാരി വാജ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കായി ക്രിസ്മസ് ദിനമായ ഇന്ന് ഉത്തർപ്രദേശിൽ അവധിയില്ലെന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.




