InternationalNews

തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയുമില്ല; നിലപാട് കടുപ്പിച്ച് ട്രംപ്

തീരുവ തര്‍ക്കത്തില്‍ പരിഹാരമാകുന്നതു വരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ വെച്ച്, ഇന്ത്യയ്ക്ക് മേല്‍ പുതുതായി 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തില്‍, ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇല്ല, തീരുവ തര്‍ക്കം പരിഹരിക്കുന്നതുവരെ ഇല്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

തീരുവ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം നവംബറിനകം ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ട്രംപിന്റെ കടുത്ത നിലപാടോടെ ഈ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്.

യുക്രൈന്‍ യുദ്ധം തുടരുമ്പോള്‍, റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. നേരത്തെ 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരുന്നത്. ബുധനാഴ്ച 25 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇതോടെയാണ് ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയര്‍ന്നത്.

ജൂലായ് 30 ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് അധികൃതര്‍ പറഞ്ഞു. അധിക തീരുവ 21 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. യുഎസ് തുറമുഖങ്ങളില്‍ പ്രവേശിക്കുന്ന എല്ലാ ഇന്ത്യന്‍ സാധനങ്ങള്‍ക്കും ഇത് ബാധകമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ പിന്നോട്ടു പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button