Kerala

സേവനം നല്‍കാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നല്‍കിയിട്ടില്ല; വീണയ്ക്ക് സംരക്ഷണവുമായി മുഹമ്മദ് റിയാസ്

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സംരക്ഷണവുമായി മന്ത്രിയും ഭര്‍ത്താവുമായ മുഹമ്മദ് റിയാസ് രംഗത്ത്. വീണയുടെ പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണ് എന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറയുന്നത്.

സേവനം നല്‍കാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നല്‍കിയിട്ടില്ല. ഒരാള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയായി വരുന്നത്. കോടതിക്ക് മുമ്പാകെയുള്ള വിഷയമാണിതെന്നും പാര്‍ട്ടി നിലപാട് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയായിരുന്നു ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചപ്പോള്‍ സേവനം നല്‍കാതെയാണ് പണം കൈപറ്റിയതെന്ന് വീണ മൊഴി നല്‍കിയ കാര്യം അതിലുണ്ട് എന്നതായിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതിന് പിന്നാലെയാണ് ഇത് തള്ളി മന്ത്രി രംഗത്ത് എത്തിയത്.

അതേസമയം, സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതിന്റെ തെളിവുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൂഢാലോചന, തട്ടിപ്പ് മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കല്‍, ബോധപൂര്‍വമായ സാമ്പത്തിക തിരിമറി എന്നിവ വീണാ വിജയനെതിരെ കണ്ടെത്തിയതായി എസ്എഫ്ഐഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെ കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വീണയ്ക്ക് കേസില്‍ കൃത്യമായ പങ്കുണ്ടെന്ന് കുറ്റപത്രം പുറത്തു വരുമ്പോഴും വീണയെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയില്‍ ആദ്യ ഘട്ടം മുതല്‍ തന്നെ പല നേതാക്കളും വീണയെ സംരക്ഷിച്ച് രംഗത്തെത്തിയിരുന്നു. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത എംഎ ബേബി പോലും മുഖ്യമന്ത്രിക്കും മകള്‍ക്കും അനുകൂലമായി തന്നെയാണ് സംസാരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button