ഞങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു ; വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി

0

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം നാടിനാകെയുളള ക്രെഡിറ്റാണെന്നും ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്തുവെന്ന ചാരിതാര്‍ത്ഥ്യം തങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതി 2016 മുതലുളള സര്‍ക്കാരിന്റെയോ അതിനു മുന്‍പ് 2011-മുതല്‍ 2016 വരെയുളള സര്‍ക്കാരിന്റെയോ കണ്ടെത്തലല്ലെന്നും അത് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്ക് ഉചിതമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത് ക്രെഡിറ്റിനുവേണ്ടിയല്ലെന്നും അത് നാട് മുന്നോട്ടുപോകുന്നതിനായാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇവിടെ കല്ലിട്ടു എന്നതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല. ഇപ്പോ കപ്പലോടുന്ന അവസ്ഥയിലേക്കെത്തിയല്ലോ. ആ സാക്ഷാത്കരണത്തില്‍ കഴിഞ്ഞ 9 വര്‍ഷം ഏറ്റവും നിര്‍ണായകമായിരുന്നു. അതാണ് പ്രധാനം. ആ 9 വര്‍ഷത്തില്‍ 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും ഇപ്പോഴുളള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു. അത് ക്രെഡിറ്റ് നേടുന്നതിനു വേണ്ടിയല്ല. നമ്മുടെ നാട് മുന്നോട്ടുപോകുന്നതിനു വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നല്ലോ. ആ തര്‍ക്കവിഷയങ്ങള്‍ക്കല്ല പിന്നീട് പ്രാധാന്യം കല്‍പ്പിച്ചത്. കാരണം നാടിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത് എന്നതുകൊണ്ട് അതുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് സ്വാഭാവികമായും ജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കും. നമ്മള്‍ അതില്‍ തര്‍ക്കിച്ച് സമയം കളയേണ്ടതില്ല’- മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here