National

വയനാടിനുളള ധനസഹായത്തിൽ പാർലമെന്‍റിൽ ചർച്ച നടന്നില്ല, ലോക്സഭ ബഹളത്തിൽ പിരിഞ്ഞു

വയനാട് ദുരന്തത്തിനുള്ള ധനസഹായത്തിൻറെ കാര്യത്തിൽ പാർലമെൻറിൽ ഇന്ന് ചർച്ച നടന്നില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിലെ ചർച്ചയിൽ വിഷയം പ്രിയങ്ക ഗാന്ധിയും കേരളത്തിലെ എംപിമാരും ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ മറുപടിയും ഇക്കാര്യത്തിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലോക്സഭ ബഹളം കാരണം പിരിഞ്ഞതിനാൽ ബില്ല് ചർച്ചയ്ക്കെടുത്തില്ല. നാളെയും ബില്ല് ചർച്ചയ്ക്ക് വരാൻ സാധ്യത ഇല്ല. തിങ്കളാഴ്ച ഇക്കാര്യം ഇനി ഉന്നയിക്കാനാകുമെന്ന് എംപിമാർ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ എംപിമാർ ഇന്നലെ അമിത് ഷായെ കണ്ട് കേരളം നല്കിയ പാക്കേജ് അംഗീകരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. എംപിമാർ നല്കിയ നിവേദനത്തിലുള്ള വിശദീകരണം എഴുതി നൽകാമെന്നാണ് അമിത് ഷാ പ്രിയങ്ക ഗാന്ധിയെ അറിയിച്ചത്. എന്നാൽ ഇതുവരെ ഇത് കിട്ടിയിട്ടില്ലെന്ന് എംപിമാർ അറിയിച്ചു.

എന്നാൽ നവംബർ 13ന് മാത്രമാണ് പുനർനിർമ്മാണത്തിന് കേരളം പദ്ധതി നൽകിയതെന്നിരിക്കെ സംസ്ഥാന സർക്കാരും എംപിമാരും ഇപ്പോൾ നടത്തുന്നത് നാടകമാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ വിമർശിച്ചു. നവംബർ പതിനാറിന് കേന്ദ്ര ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് തുക അനുവദിച്ചത് കേരളം മറച്ചു വച്ചെന്നും വി മുരളീധരൻ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button