Kerala

ആര്യയെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ മുൻ കൗൺസിലറായ ഗായത്രി ബാബു ഉന്നയിച്ച വിമർശനങ്ങളെ തള്ളി മന്ത്രി വി ശിവൻകുട്ടി. ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേമപെൻഷൻ വർധനവ് പരാമർശിച്ച് വോട്ടർമാരെ അപമാനിച്ച എം എം മണിയെയും ശിവൻകുട്ടി തള്ളിപ്പറഞ്ഞു. മണി തൊഴിലാളി നേതാവാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നുമാണ് ശിവൻകുട്ടി പറഞ്ഞത്. പെൻഷൻ കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തുവെന്നും നന്ദികേട് കാണിച്ചുവെന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമർശം. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിടേണ്ടിവന്ന തിരിച്ചടിയിലും മന്ത്രി പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. എൽഡിഎഫ് മികച്ച വിജയം അർഹിക്കുന്നു എന്നാണ് കരുതുന്നത്. ജനങ്ങളുടെ തീരുമാനത്തെ മാനിക്കുകയാണ്. 2010ൽ ഇതിനെക്കാൾ വലിയ തിരിച്ചടി നേരിട്ടിട്ടും പാർട്ടി തിരിച്ചുകയറി. പാർട്ടിയുടെ അടിത്തറ തകർന്നിട്ടില്ല. എൽഡിഎഫിന് 1631 വോട്ടുകൾ കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി.

തലസ്ഥാനത്തെ ഭരണം പിടിച്ച ബിജെപിക്കെതിരെയും മന്ത്രി രംഗത്തുവന്നു. ബിജെപിയുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ കാര്യങ്ങൾ ഉണ്ടായി. എക്സിറ്റ് പോൽ ഫലങ്ങൾ ബിജെപി പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. നേമത്തെ ബിജെപി വിജയത്തിൽ മുൻപ് ജയിച്ചപ്പോഴും തോറ്റപ്പോഴും സ്ഥിതി ഇത് തന്നെയാണ്. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് പാറ്റേൺ മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button