Blog

സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ല ; ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിൽ : എം വി ഗോവിന്ദന്‍

സിപിഎം അധികം കളിക്കേണ്ട, കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി എം വി ഗോവിന്ദന്‍. സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാന്‍ പോകുന്നതും യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലുമാണ്. പ്രതിപക്ഷ നേതാവ് താല്‍ക്കാലികമായി പറഞ്ഞൊഴിഞ്ഞിരിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും 24 മണിക്കൂറും പറഞ്ഞത് രാജിവെപ്പിക്കുമെന്നാണ്. പക്ഷെ രാജി വെപ്പിക്കാന്‍ കൂട്ടാക്കുന്നില്ല. അതിനു കാരണം രാഹുല്‍ മാങ്കൂട്ടം അതിശക്തമായ ഭീഷണി ഉയര്‍ത്തിയതുമൂലമാണ്. ഞാന്‍ രാജിവെച്ചാല്‍ പലരുടെയും കഥയും പുറത്തു പറയുമെന്ന ഭീഷണിയെത്തുടര്‍ന്നാണ്, അവസാനം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വേണ്ടെന്ന് വെച്ചത്. കേസൊന്നുമില്ലെന്ന് പറഞ്ഞാല്‍, പിന്നെ എന്തിനാണ് സസ്‌പെന്റ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

കേസിനേക്കാള്‍ പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തു വന്നത്. മറ്റെല്ലാം ആരോപണങ്ങളും കേസുമാണ്. സസ്‌പെന്റ് ചെയ്തത് മാതൃകാപരമായ നടപടിയാണോ. പീഡനം പൂര്‍ണമായും പുറത്തു വന്നു കഴിഞ്ഞു. കേരളമൊറ്റക്കെട്ടായി, കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടം രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാജിവെക്കാതെ കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനവുമായി മുന്നോട്ടേക്കു പോകാന്‍ സാധിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിന് നന്നായിട്ടറിയാം. അത് പ്രോത്സാഹിപ്പിക്കുന്ന ഷാഫി പറമ്പിലിനെ പോലെയുള്ളവര്‍ക്കും അനുഭവത്തിന്റെ വെളിച്ചത്തില്‍ നല്ലതുപോലെ മനസ്സിലാകുമെന്ന് മാത്രമേ പറയുന്നുള്ളൂ – എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിനെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്ത വരുമെന്ന സതീശന്റെ പ്രസ്താവന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വരട്ടെ, വന്നോട്ടെ, ഞങ്ങള്‍ക്ക് ഭയമില്ലെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. പറയുന്നതല്ലാതെ വരുന്നില്ലല്ലോ. അതിനെയൊക്കെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്ക് ഒരു പ്രയാസവുമില്ല. കൃത്യമായ നിലപാടോടെയാണ് മുന്നോട്ടേക്കു പോകുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആരോപണത്തിലാണ് മുകേഷിനെതിരെ കേസു വന്നത്. അതില്‍ കോടതി വിധിയെന്താണോ അപ്പോള്‍ നിലപാട് സ്വീകരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാര്യത്തില്‍ ഓരോ സ്ത്രീകളും വന്നു പറയുന്ന സ്ഥിതിയാണ്. അത് തെളിവാണ്. ആ തെളിവ് ആരു മൂടിവെക്കാന്‍ ശ്രമിച്ചാലും നടക്കില്ല. ഉമാ തോമസ് എംഎല്‍എയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും അനുയായികളാണ്. വേറെയാരുമല്ല. ഓരോരുത്തരും വന്ന് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും, ക്രിമിനല്‍ മനസ്സുള്ള ആളായതു കൊണ്ടുമാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കാതിരിക്കുന്നത്. അതല്ലെങ്കില്‍ രാജിവെക്കേണ്ട സമയം പണ്ടേ അതിക്രമിച്ചുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button