കീമില്‍ അപ്പീലിനില്ല; റാങ്ക് പട്ടിക ഇന്ന് തന്നെ മാറ്റിയിറക്കും; മന്ത്രി ആര് ബിന്ദു

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ അപ്പീലിന് പോകാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കുന്നുവെന്നും റാങ്ക് പട്ടിക ഇന്ന് തന്നെ മാറ്റിയിറക്കുമെന്നും മന്ത്രി പറഞ്ഞു.
കീം പരീക്ഷയുമായി ബന്ധപ്പെട്ട് ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീലും കോടതി പരിഗണിച്ച് പ്രോസ്പെക്ടസ് അമന്റ്മെന്റിന് മുന്‍പ് തുടര്‍ന്നു പോന്നിരുന്ന ഫോര്‍മുല ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോടതിയുടെ നിര്‍ദേശം എഡി അറിയിച്ചിട്ടുണ്ട്. അതുപ്രകാരം ഇന്നുതന്നെ നേരത്തെ നിലനിന്നിരുന്ന ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിനുള്ള നടപടികള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ പൂര്‍ത്തീകരിക്കുകയാണ്. മാര്‍ക്ക് ഏകീകരണത്തിന് പഴയ രീതി തുടരുമെന്നും എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പറയാന്‍ സാധിക്കില്ലെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണം, നേരത്തെ തുടര്‍ന്നു പോന്ന പ്രോസസില്‍ നീതികേടുണ്ട് എന്ന് മനസിലാക്കിയപ്പോള്‍ ഒരു ബദല്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. അതില്‍ തെറ്റുണ്ട് എന്നുള്ളതല്ല. പ്രോസ്പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ല എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. യഥാര്‍ഥത്തില്‍ പ്രോസ്പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അനുമതിയുണ്ട് എന്നുള്ള ഒരു ക്ലോസ് ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. പക്ഷേ കോടതി വിധി അംഗീകരിക്കുകയാണ് – മന്ത്രി പറഞ്ഞു.