ഭരണവിരുദ്ധ വികാരം ഇല്ല, തോല്‍വി പരിശോധിച്ച് ശക്തമായി മുന്നോട്ട്; വി ശിവന്‍കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സിപിഐ യോഗത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ദുഷ്ടലാക്കാണെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയന്‍ പരാജയം ഒന്നും സംഭവിച്ചിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് ഫലത്തിലെ തോല്‍വി വിശദമായി പരിശോധിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിട്ട തിരിച്ചടിക്ക് കാരണം ശബരിമല സ്വര്‍ണക്കൊള്ള വിവാദമല്ലെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ യഥാര്‍ത്ഥ കാരണങ്ങള്‍ പാര്‍ട്ടിയില്‍ വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ചെറിയൊരു പിറകോട്ടടി ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയ മന്ത്രി, ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇത് പുതിയ കാര്യമല്ലെന്നും വ്യക്തമാക്കി. വിശദമായ വിലയിരുത്തലിന് ശേഷം കൂടുതല്‍ ശക്തിയോടെ മുന്നോട്ട് വരുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പ്രശംസിച്ചുകൊണ്ട് മന്ത്രി നടത്തിയ പരാമര്‍ശവും ശ്രദ്ധേയമായി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും അധികാരം ലഭിച്ചിരുന്നെങ്കില്‍ ആര്യ മികച്ച മേയറെന്ന് എല്ലാവരും പറയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം തിരുവനന്തപുരം മേയറായിരുന്ന വ്യക്തിയാണ് താനെന്നും, താന്‍ മേയറായിരുന്ന കാലത്തേക്കാള്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




