ബിഹാറില്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബിഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്. ഉപ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് വെച്ചാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ധര്‍മ്മേന്ദ്ര പ്രധാന് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
ജെഡിയുവും ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) നേതൃത്വം നല്കുന്ന എന്‍ഡിഎ വന്‍ ഭൂരിപക്ഷം നേടിയാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 243 നിയമസഭാ സീറ്റുകളില്‍ 202 എണ്ണം നേടിയായിരുന്നു വിജയിച്ചത്. 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 85 സീറ്റുകള്‍ നേടി, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 19 സീറ്റുകള്‍ നേടി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (മതേതര) അഞ്ച് സീറ്റുകള്‍ നേടി, രാഷ്ട്രീയ ലോക് മോര്‍ച്ച നാല് സീറ്റുകളും നേടി.




