വിജയ് സേതുപതിയുടെ നായികയാകാൻ നിത്യ മേനോൻ

മഹാരാജയുടെ വിജയ തിളക്കത്തിലാണിപ്പോൾ വിജയ് സേതുപതി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ മഹാരാജ ബോക്സോഫീസിലും മികച്ച കളക്ഷൻ നേടിയിരുന്നു. നിതിലൻ സ്വാമിനാഥനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മക്കൾ സെൽവന്റെ അടുത്ത ചിത്രം പാണ്ഡിരാജിനൊപ്പമാണെന്നാണ് പുറത്തുവരുന്ന വിവരം.
ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ നായികയായി അഭിനയിക്കാൻ പാണ്ഡിരാജ് നടി നിത്യ മേനോനെ സമീപിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാൻ നിത്യ മേനോനും താല്പര്യം പ്രകടിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
സൂര്യയെ നായകനാക്കി ഒരുക്കിയ എതിർക്കും തുനിന്ദവനാണ് പാണ്ഡിരാജിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ജയം രവിയെ നായകനാക്കി ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു പാണ്ഡിരാജ്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. മുൻപ് 19 (1) (എ) എന്ന ചിത്രത്തിൽ നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിച്ചെത്തിയിരുന്നു.