മലപ്പുറം വളാഞ്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ രോഗ ബാധയില്‍ ആശ്വാസം. നിപ രോഗബാധിതയുമായുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 75 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇനി അഞ്ചുപേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്.
ഇതുവരെ 166 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരെ നിരീക്ഷിച്ചുവരുന്നു. ഇവരില്‍ 65 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. അതിനിടെ, മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 65 കാരിയെ പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇവരുടേതടക്കമാണ് ഇന്ന് നെഗറ്റീവ് ആയ രണ്ടു പരിശോധന ഫലങ്ങള്‍. കുറ്റിപ്പുറം സ്വദേശിയായ 27 കാരിയെയും ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം നിപ സ്ഥിരീകരിച്ച രോഗി പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ ഐസിയുവില്‍ തുടരുന്നു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മൂന്നു പേര്‍, എറണാകുളം മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.