തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക് ജാഗ്രതാ നിർദേശം. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കുമാരംപുത്തൂര്‍ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 46 പേരാണുള്ളത്. പാലക്കാടും മലപ്പുറത്തും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
രോഗ ലക്ഷണവും സമ്പര്‍ക്കപട്ടികയിലും ഉള്ളവരില്‍ ചിലരുടെ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളെങ്കില്‍ നിപ്പയില്‍ പുതുതായി ഒരു മരണം കൂടി സംഭവിച്ചതോടെ അതീവ ജാഗ്രതയിലേക്ക് കടന്നിരിക്കുകയാണ് ആരോഗ്യമേഖല
ഒരാഴ്ച മുമ്പാണ് പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയായ 58 കാരന്‍ പനി ബാധിച്ച്, മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ വട്ടമ്പലത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി കഴിഞ്ഞ ദിവസം മരിച്ചു. കുമരംപുത്തൂർ ചങ്ങലീരിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. സമ്പര്‍ക്കമുണ്ടായവര്‍ ക്വാറൻ്റീനിൽ പ്രവേശിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി.