നിപ വൈറസ് ബാധക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആർ. രാജാറാം അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു. പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍, വിസര്‍ജ്യം എന്നിവയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകണം.
കൂടാതെ നിലത്തുവീണുകിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്, താഴെ വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കരുത്, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക, വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍നിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്, പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍ വിസര്‍ജ്യം എന്നിവ കലരാത്ത രീതിയില്‍ ഭക്ഷണപദാര്‍ഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സൂക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.