നിമിഷപ്രിയയുടെ മോചനം; നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതിയില്ല. ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തളളി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഗള്‍ഫ് മേഖലയുടെ ചുമതലയുളള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറാണ് ഇക്കാര്യം ആക്ഷന്‍ കൗണ്‍സിലിനെ അറിയിച്ചത്.
ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. രണ്ടുപേര്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചര്‍ച്ചയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചത്. ‘യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. ഇന്ത്യന്‍ എംബസി യെമനിലെ സനായിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്, സുരക്ഷ മുന്‍നിര്‍ത്തി അത് യുഎഇയിലേക്ക് മാറ്റി. നിലവില്‍ റിയാദിലാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. നയതന്ത്ര സംഘത്തിന്റെ സുരക്ഷ പ്രധാനമാണ്.’-കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മോചനശ്രമത്തില്‍ ചര്‍ച്ച നടത്താന്‍ നിമിഷപ്രിയയുടെ കുടുംബത്തിനും കുടുംബം നിയോഗിക്കുന്നവര്‍ക്കും മാത്രമേ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി.