നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും നോക്കരുതെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിര്‍ണായക പങ്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
നിലമ്പൂര്‍ വിജയത്തിന്റെ ക്രെഡിറ്റ് ആരുമങ്ങനെ ഒറ്റയ്ക്ക് അടിച്ചെടുക്കാന്‍ ശ്രമിച്ചില്ലല്ലോ. സതീശന്റെ പ്രസ്താവനയെല്ലാം നമ്മള്‍ ശ്രദ്ധിച്ചില്ലേ? അനാവശ്യമായ വിവാദത്തിന് ആരും മുതിരാന്‍ പാടില്ല. 1968ല്‍ കോണ്‍ഗ്രസില്‍ വന്ന ആളാണ് ഞാന്‍. പലതും കണ്ടിട്ട് അനങ്ങാതിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ ഉണ്ടായാല്‍ ഞങ്ങളും അഭിപ്രായം പറയേണ്ടി വരും. പറയിപ്പിക്കാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത് – അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനേയേും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരോക്ഷമായി വിമര്‍ശിച്ചു. ആത്യന്തികമായി പ്രസ്ഥാനമാണ് വലുതെന്ന് ഇവര്‍ മനസ്സിലാക്കണം. റീലുകള്‍ കൊണ്ട് വ്യക്തിപരമായി വളരുന്നു. അവര്‍ മാത്രം വളര്‍ന്ന് പാര്‍ട്ടിയെ തളര്‍ത്തുക എന്ന രീതി ശരിയല്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയാല്‍ പലതും തുറന്നു പറയുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.