
ഡൽഹിയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E 6650) ബോംബ് ഭീഷണിയെത്തുടർന്ന് ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. കുട്ടികളും പ്രായമായവരും ഉൾപ്പെടെ 222 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്
വിമാനത്തിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വിമാന ജീവനക്കാർ ഉടൻ തന്നെ പൈലറ്റിനെ വിവരമറിയിക്കുകയും തുടർന്ന് ലഖ്നൗവിൽ വിമാനം ലാൻഡ് ചെയ്യാൻ അനുമതി തേടുകയുമായിരുന്നു.
ലാൻഡ് ചെയ്ത ഉടൻ വിമാനത്തെ റൺവേയിൽ നിന്ന് മാറ്റി ഒറ്റപ്പെട്ട സ്ഥലത്തേക്ക്മാറ്റി. ബോംബ് ഡിസ്പോസൽ സ്ക്വാഡ് (BDS), സി.ഐ.എസ്.എഫ് , എയർപോർട്ട് ഫയർ ഫോഴ്സ്, ആംബുലൻസ്, പോലീസ് സംഘം എന്നിവർ സ്ഥലത്തെത്തി. വിമാനത്തിനുള്ളിലും യാത്രക്കാരുടെ ലഗേജുകളിലും മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധന നടത്തി.
പരിശോധനയിൽ വിമാനത്തിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തിയ ശേഷം വിമാനം സുരക്ഷിതമാണെന്ന് അധികൃതർ പ്രഖ്യാപിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കുകളില്ല.


