നേപ്പാള്‍ കലാപം; ആഭ്യന്തര മന്ത്രി രാജിവെച്ചു

നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് വെടിവയ്പില്‍ മരണം 19 ആയി. 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു.
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഓലി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സര്‍ക്കാര്‍ വാദം.
ടിക് ടോക്ക് അടക്കം അഞ്ചു സമൂഹമാധ്യമങ്ങള്‍ നിയമം പാലിച്ചതിനാല്‍ നിരോധിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് യുവാക്കള്‍ പറയുന്നത്.
കാഠ്മണ്ഡു, പൊഖാറ, ബുടാവല്‍, ഭൈരഹവ, ഭരത്പൂര്‍, ഇറ്റഹരി, ദാമക് തുടങ്ങിയയിടങ്ങളിലാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെയും പ്രതിഷേധം ശക്തമാണ്. സ്ഥിതിഗതി രൂക്ഷമായതിനെ തുടര്‍ന്ന് ന്യൂ ബനേശ്വറില്‍ സൈന്യത്തെ വിന്യസിപ്പിച്ചു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.


