നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്‍: സ്ഥലപരിശോധന ഒക്ടോബറില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തോടു ചേര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ എന്ന കേരളത്തിന്റെ സ്വപ്‌നം ട്രാക്കിലേക്ക്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്തിന്റെ പരിശോധന ഒക്ടോബറില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചാലക്കുടി എംപി ബെന്നി ബെഹന്നാന് നല്‍കിയ മറുപടിയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയം റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബെന്നി ബെഹന്നാന്‍ പ്രതികരിച്ചു.നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്റെ ഡിസൈനില്‍ അന്തിമ തീരുമാനം ഉണ്ടാകും മുന്‍പ് സ്ഥല പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി സ്ഥല പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതിനായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.
2010 ല്‍ ഇ അഹമ്മദ് റെയില്‍വെ സഹമന്ത്രിയായിരിക്കെയാണ് നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പദ്ധതി സജീവമായത്. പദ്ധതിയുടെ തറക്കല്ലിടലും ഇ അഹമ്മദ് നിര്‍വഹിച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി നിശ്ചലമായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
സിയാലിന്റെ സോളാര്‍ പാടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്താണ് റെയില്‍വെ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് ചേര്‍ന്ന് റെയില്‍വെ ട്രാക്ക് കടന്നു പോകുന്ന ഏറ്റവും അടുത്ത പ്രദേശമാണിത്. റെയില്‍വെ ഭൂമിയും ആവശ്യത്തിനുള്ളതിനാല്‍ ഭൂമിയേറ്റടുക്കലും പ്രതിസന്ധിയാകില്ല.




