ദില്ലി: ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്ന് എൻ.ഡി.എ യോഗത്തിൽ തീരുമാനം. എൻഡിഎ സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു.
തെരഞെടുപ്പ് ഫലം പ്രഖ്യാപനം വന്നതിന് ശേഷം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം:
ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകീട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ജെഡിയു നേതാക്കളായ ലല്ലൻ സിങ്, സഞ്ജയ് ഝാ തുടങ്ങിയവർ പങ്കെടുത്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എൻഡിഎ സഖ്യകക്ഷികൾ ബുധനാഴ്ചതന്നെ രാഷ്ട്രപതി ദ്രൗപതി മുർവിനെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, ഏഴാംതീയതി കണ്ടാൽ മതിയെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ച് ജെപി നഡ്ഡയ്ക്ക് ഏക്നാഥ് ഷിന്ദെയുടെ ശിവസേന കത്ത് കൈമാറിയിട്ടുമുണ്ട്. ടിഡിപി, ജെഡിയു, പവൻ കല്യാണിന്റെ ജന സേന എന്നീ പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. ഞങ്ങൾ എൻഡിഎയിൽ ആണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും യോഗത്തിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപ് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.
ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ 16-ലും വിജയം ടിഡിപിക്ക് ആയിരുന്നു. ബിഹാറിൽ 40-ൽ 12 സീറ്റിലാണ് ജെഡിയുവിന്റെ വിജയം. 2014-ൽ 282 സീറ്റുകളായിരുന്നു ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നത്. 2019-ൽ ഇത് 303 ആയി ഉയർന്നു. വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ 240 സീറ്റുകൾ നേടാൻ മാത്രമേ ബിജെപിയ്ക്ക് സാധിച്ചുള്ളൂ. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താൻ 32 സീറ്റുകളുടെ കുറവ്. മൂന്നാം തവണ അധികാരത്തിലേക്കെത്താൻ എൻഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും.