Blog

സൈന്യം വെടിനിര്‍ത്തല്‍ നടപ്പാക്കും, ഇന്ത്യ പ്രതികരിച്ചത് സംയമനത്തോടെ, വ്യോമത്താവളങ്ങള്‍ സുരക്ഷിതം

പാകിസ്ഥാനുമായുള്ള വെടിനിർത്തൽ സൈന്യം നടപ്പാക്കുമെന്ന് വാർത്താസമ്മേളനത്തിൽ വിശദമാക്കി പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ ആക്രമണത്തിന് ശേഷം സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് വിവിധ സേനകളുടെ വാര്‍ത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ് 400, ബ്രഹ്മോസ് മിസൈൽ അടക്കം എല്ലാം സുരക്ഷിതമെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. 

ഇതെല്ലാം തകർത്തെന്ന് പാകിസ്ഥാൻ വ്യാജപ്രചാരണം നടത്തുകയാണ്. അതിർത്തിയിലെ എല്ലാ വിമാനത്താവളങ്ങളും സുരക്ഷിതമാണ്. ഇന്ത്യൻ സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നൽകിയത്. നാല് വ്യോമസേനാ താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്‍റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി. അവരുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഏറ്റത് വലിയ തിരിച്ചടിയെന്നും ഇനിയും ഏത് സാഹചര്യത്തിനും സജ്ജമെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

പാകിസ്ഥാനിലെ ആരാധനാലയങ്ങളെ ഇന്ത്യ ആക്രമിച്ചുവെന്ന പ്രചാരണം തീർത്തും വ്യാജമാണെന്നും ഉദ്യോ​ഗസ്ഥർ ചുണ്ടിക്കാട്ടി. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇന്ത്യ പ്രത്യാക്രമണം നടത്തിയത് ഭീകരകേന്ദ്രങ്ങളിൽ മാത്രമാണ്. അതിർത്തി കാക്കാൻ സർവസജ്ജമെന്നും ജാഗ്രതയോടെ തുടരുമെന്നും സൈന്യം കൂട്ടിച്ചേർത്തു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണുന്ന രാജ്യമാണ് ഇന്ത്യ. ആരാധനാലയങ്ങൾ ആക്രമിച്ചുവെന്ന പ്രചാരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

അതേ സമയം, അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവനയും ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിർത്തൽ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തിൽ ചർച്ച നടക്കും. ഇതോടെ വെടിനിർത്തൽ കരാർ പ്രാവർത്തികമായെന്നും കര, വ്യോമ, കടൽ മാർഗങ്ങളിൽ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button