രാജ്യവ്യാപക വോട്ടര്‍പട്ടിക പരിഷ്കരണം ഒക്ടോബര്‍ മാസം മുതല്‍ ആരംഭിച്ചേക്കും

രാജ്യവ്യാപക വോട്ടര്‍പട്ടിക പരിഷ്കരണം ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പരിഷ്കണം തുടങ്ങുമെന്നാണ് സൂചന
ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ശേഷം വിളിക്കുന്ന മൂന്നാമത്തെ നിര്‍ണായക യോഗമാണിത്. എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കുകയും ബിഹാര്‍ മാതൃകയിലുള്ള വോട്ടര്‍ പട്ടിക പരിഷ്കണത്തിന് സമ്മതം മൂളുകളും ചെയ്തുവെന്നാണ് വിവരം. പരിഷ്കരണം എന്ന് മുതല്‍ തുടങ്ങാന്‍ സാധിക്കും എന്നത് സംബന്ധിച്ച് ഗ്യാനേഷ് കുമാര്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി.
സെപ്തംബറോടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച് അവസ്ഥകള്‍ മനസിലാക്കി ഒക്ടോബര്‍ മുതല്‍ വോട്ടര്‍പട്ടിക പരിഷ്കരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിക്കുമെന്നാണ് ഭൂരിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും അറിയിച്ചിരിക്കുന്നത്.
എസ്ഐആറുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടക്കുമ്പോള്‍ ഏതെല്ലാം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിലെ പരിഷ്കരണ പ്രക്രിയയില്‍ ആധാര്‍ സാധുവായ രേഖയായി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഇരട്ട വോട്ടുകള്‍, പൗരന്മാരല്ലാത്തവര് എന്നിവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുക, ഒപ്പം വോട്ടവകാശമുള്ള എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തുക എന്നിവയാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. വോട്ടവകാശമുള്ള പൗരന്മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് നടത്തുന്ന നീക്കമാണ് കമ്മീഷന്റെതെന്നാണ് പ്രതിപക്ഷ വിമര്‍ശനം.


