
ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ, അമിത ജോലിഭാരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പണിമുടക്ക്. ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ ഓൺലൈൻ ശൃംഖലകളിലെ തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് വിവരം.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്‌ഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ്, എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ദില്ലി ,പശ്ചിമ ബംഗാൾ, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാറ്റ്ഫോം വർക്കേഴ്‌സ് യൂണിയനുകൾ ഉൾപ്പെടെ ഒന്നിലധികം പ്രാദേശിക കൂട്ടായ്‌മകളുടെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുക.
ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഒരു ലക്ഷത്തിലധികം ഡെലിവറി തൊഴിലാളികൾ പുതുവത്സരാഘോഷത്തിൽ ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ, ജോലി ഗണ്യമായി കുറയ്ക്കുകയോ ചെയ്യുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.



